ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ വോട്ടെടുപ്പുകളിൽ ഉയർന്ന പോളിംഗ് ശതമാനമുണ്ട്. രാഷ്ട്രീയ ചർച്ചകൾ പൊതുജീവിതത്തിന്റെ ഭാഗമായും മാറിയിട്ടുണ്ട്. സോഷ്യലിസം, കമ്യൂണിസം, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി യൂണിയനുകൾ, സഹകരണ പ്രസ്ഥാനങ്ങൾ, ജനകീയ സംഘടനകൾ എന്നിവയുടെ സ്വാധീനത്തിൽ രൂപംകൊണ്ട ദീർഘമായ രാഷ്ട്രീയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. പ്രബലരായ രണ്ടു മുന്നണികൾക്കിടയിൽ അധികാരം മാറിമാറി വരുന്നതും കേരള രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. ഈ ശക്തമായ ജനാധിപത്യ മത്സര സംസ്കാരമാണ് കേരളത്തെ ഉയർന്ന മനുഷ്യവികസന സൂചികകളിലേക്ക് നയിച്ചത്.
കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ സജീവമാണ്. സമരങ്ങൾ നടത്തും. സർക്കാരിനെ വിമർശിക്കും. മാധ്യമങ്ങളിലൂടെ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കും. എന്നാൽ, സർക്കാരിന് പകരമായ ഒരു ക്രമബദ്ധവും നയപരവുമായ ‘പര്യായ ഭരണരൂപം’ അവതരിപ്പിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ‘ഷാഡോ കാബിനറ്റ്’ (നിഴൽ മന്ത്രിസഭ) എന്ന ആശയം പ്രസക്തമാകുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ മാത്രം ജനാധിപത്യ ഉത്തരവാദിത്വം ഉറപ്പാക്കാൻ മതിയാകില്ല. ഓരോ ദിവസവും ഭരണത്തെ നിരീക്ഷിക്കുകയും സർക്കാർ നയങ്ങളെ വിലയിരുത്തുകയും പകരം നയങ്ങൾ അവതരിപ്പിക്കുകയും ഭാവി നേതാക്കളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ശക്തമായ പ്രതിപക്ഷ സംവിധാനവും ജനാധിപത്യത്തിന് അനിവാര്യമാണ്.
‘നിഴൽ മന്ത്രിസഭ’ എന്തിന്?
ഷാഡോ കാബിനറ്റ് എന്നത് ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ വെസ്റ്റ്മിൻസ്റ്റർ പാർലമെന്ററി മാതൃക പിന്തുടരുന്ന രാജ്യങ്ങളിലുള്ള സംവിധാനമാണ്. പ്രതിപക്ഷം സർക്കാരിലെ ഓരോ മന്ത്രിക്കും സമാനമായി ‘ഷാഡോ മന്ത്രി’മാരെ നിയമിക്കുന്നു. ഉദാഹരണത്തിന്, ധനമന്ത്രി ഉണ്ടെങ്കിൽ പ്രതിപക്ഷം ഒരു ഷാഡോ ധനമന്ത്രിയെ നിയോഗിക്കും; ആരോഗ്യമന്ത്രി ഉണ്ടെങ്കിൽ ഷാഡോ ആരോഗ്യമന്ത്രിയും ഉണ്ടാകും. ഇവർ തങ്ങളുടെ അനുബന്ധ വകുപ്പുകളുടെ നയങ്ങൾ, ബജറ്റുകൾ, ഭരണപരമായ തീരുമാനങ്ങൾ, പദ്ധതികൾ എന്നിവ നിരന്തരം പഠിക്കുകയും വിലയിരുത്തുകയും ചെയ്യും. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം പകരം നയങ്ങളും അവർ അവതരിപ്പിക്കും. അതുകൊണ്ടുതന്നെ ഷാഡോ കാബിനറ്റ് എന്നത് വെറും വിമർശന രാഷ്ട്രീയമല്ല; മറിച്ച് ‘ഭരണത്തിന് തയാറായ പ്രതിപക്ഷം’ എന്ന ആശയമാണ്.
ഇന്ത്യൻ ഭരണഘടനയിൽ ഔദ്യോഗികമായി ഷാഡോ കാബിനറ്റിന് സ്ഥാനം നൽകിയിട്ടില്ലെങ്കിലും ഏതു രാഷ്ട്രീയ പാർട്ടിക്കും അതിനെ സ്വമേധയാ സ്വീകരിക്കുന്നതിൽ നിയമപരമായ തടസമില്ല.
കേരളത്തിന് ഷാഡോ കാബിനറ്റ് ആവശ്യമാകുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഭരണകൂടങ്ങളിൽ അധികാരം അമിതമായി കേന്ദ്രീകരിക്കപ്പെടുന്നതാണ്. ഇന്ന് സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ ഭരണം, ക്ഷേമപദ്ധതികൾ, ഗതാഗതം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പോലീസ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങി അനവധി മേഖലകൾ നിയന്ത്രിക്കുന്നു. മന്ത്രിമാർ വൻ ഭരണസംവിധാനങ്ങളെയും സാമ്പത്തിക വിഭവങ്ങളെയും നിയന്ത്രിക്കുന്നതിൽ മുഴുകുന്നു. എന്നാൽ, നിയമസഭയിലെ ചർച്ചകൾക്ക് പലപ്പോഴും പരിമിതമായ സമയം മാത്രമേ ലഭിക്കാറുള്ളൂ. ചിലപ്പോഴത് രാഷ്ട്രീയ നാടകീയതയിലേക്കും ചുരുങ്ങുന്നു. ഇതുപോലുള്ള സാഹചര്യത്തിൽ ഓരോ മന്ത്രാലയത്തെയും നിരന്തരം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഷാഡോ കാബിനറ്റ് സർക്കാരിന്മേൽ ശക്തമായ ജനാധിപത്യ സമ്മർദം സൃഷ്ടിക്കും.
കഴിഞ്ഞ ഒരു ദശകത്തിനിടെ കേരളം നേരിട്ട നിരവധി പ്രതിസന്ധികൾ ഈ ആവശ്യം കൂടുതൽ വ്യക്തമാക്കുന്നു. പ്രളയങ്ങൾ, നിപ വൈറസ് വ്യാപനം, കോവിഡ്19 മഹാമാരി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, തീരക്ഷയം, മാലിന്യ സംസ്കരണ പ്രശ്നങ്ങൾ, പരിസ്ഥിതി തർക്കങ്ങൾ, വലിയ അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവ സംസ്ഥാനത്തെ ബാധിച്ചു. ഈ സാഹചര്യങ്ങളിൽ പ്രതിപക്ഷം പ്രതിഷേധങ്ങളും വാർത്താസമ്മേളനങ്ങളും ആരോപണങ്ങളും നിയമസഭയിലെ പ്രതിഷേധങ്ങളും വഴിയാണ് പ്രതികരിച്ചത്. എന്നാൽ, പകരമായ നയരൂപീകരണത്തിൽ ആവശ്യമായ ഗൗരവം പലപ്പോഴും കാണപ്പെട്ടില്ല. ഷാഡോ ആരോഗ്യമന്ത്രി പൊതുജനാരോഗ്യ സംവിധാനത്തെ സ്വതന്ത്രമായി വിലയിരുത്തുകയും ഷാഡോ ധനമന്ത്രി സംസ്ഥാനത്തിന്റെ കടബാധ്യതകളും ക്ഷേമച്ചെലവുകളും പഠിക്കുകയും ഷാഡോ വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ ഗുണമേന്മയും വിദ്യാർഥി കുടിയേറ്റവും സംബന്ധിച്ച് പഠന റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്താൽ ഭരണത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ കൂടുതൽ ആഴമുള്ളതാകുമായിരുന്നു.
നിലവാരം ഉയർത്താൻ
കേരളത്തിന് ഷാഡോ കാബിനറ്റ് ആവശ്യമാകുന്ന മറ്റൊരു പ്രധാന കാരണം നിയമസഭാ ചർച്ചകളുടെ നിലവാരത്തിൽ വന്ന ഇടിവാണ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും സജീവമായ നിയമസഭകളിലൊന്നായിരുന്നു കേരള നിയമസഭ. ഒരു ഷാഡോ കാബിനറ്റ് വൈദഗ്ധ്യം വളർത്തേണ്ട സാഹചര്യം ഉണ്ടാക്കും. ജനങ്ങൾക്കും സർക്കാർ മന്ത്രിമാരുടെയും ഷാഡോ മന്ത്രിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പുകൾ വികാരാധിഷ്ഠിത പ്രചാരണങ്ങളേക്കാൾ നയപരമായ മത്സരങ്ങളായി മാറും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയും ഷാഡോ കാബിനറ്റിന്റെ ആവശ്യകത ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള യുവാക്കളിൽ തൊഴിലില്ലായ്മ ഉയർന്ന നിലയിലാണ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസിവരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥ ദീർഘകാലത്തിൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. ഇതോടൊപ്പം ക്ഷേമച്ചെലവുകളും വർധിക്കുന്നു. സർക്കാരിന്റെ സാമ്പത്തികനയങ്ങളെ പ്രതിപക്ഷം വിമർശിക്കാറുണ്ടെങ്കിലും വിശദമായ പകരം സാമ്പത്തിക പദ്ധതികൾ പലപ്പോഴും അവതരിപ്പിക്കാറില്ല. ഒരു ഷാഡോ ധനകാര്യസംഘം ബജറ്റുകൾ, പെൻഷൻ ബാധ്യതകൾ, വികസനച്ചെലവുകൾ, നികുതിനയങ്ങൾ, കടബാധ്യതകൾ എന്നിവയെക്കുറിച്ച് സ്വതന്ത്ര പഠനങ്ങൾ പ്രസിദ്ധീകരിച്ചാൽ സാമ്പത്തിക ചർച്ചകൾ കൂടുതൽ പക്വമാകും.
യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തത്തിലും ഷാഡോ കാബിനറ്റിന് വലിയ മാറ്റം സൃഷ്ടിക്കാനാകും. കേരളത്തിലെ യുവാക്കൾ രാഷ്ട്രീയമായി ബോധവാന്മാരാണെങ്കിലും പരമ്പരാഗത രാഷ്ട്രീയ സംസ്കാരത്തോട് വലിയ നിരാശയും അവിശ്വാസവും കാണിക്കുന്നു. വ്യക്തിപരമായ ആക്രമണങ്ങളും വിഭാഗീയതയും ആരോപണ രാഷ്ട്രീയവുമാണ് പലപ്പോഴും പ്രധാനമാകുന്നത്. എന്നാൽ, ഷാഡോ കാബിനറ്റ് സംവിധാനം വന്നാൽ ഗവേഷകർ, സാമ്പത്തിക വിദഗ്ധർ, നിയമപണ്ഡിതർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, ഡാറ്റാ വിശകലന വിദഗ്ധർ എന്നിവർക്കും രാഷ്ട്രീയ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കും. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സിവിൽ സമൂഹ സംഘടനകളും ഭരണചർച്ചകളിൽ കൂടുതൽ പങ്കാളികളാകും.
കേരളത്തിന്റെ സജീവ മാധ്യമ സംസ്കാരവും ഈ സംവിധാനത്തിന് അനുയോജ്യമാണ്. എന്നാൽ, ഇപ്പോഴത്തെ മാധ്യമ രാഷ്ട്രീയത്തിൽ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കൂടുതലായി പ്രാധാന്യം ലഭിക്കുന്നു. ഷാഡോ കാബിനറ്റ് സ്ഥിരമായി നയ റിപ്പോർട്ടുകളും വൈറ്റ് പേപ്പറുകളും ബദൽ ബജറ്റുകളും പുറത്തിറക്കുകയാണെങ്കിൽ പൊതു